
StudyatChanakya Admin
Jan 05,2021
4:33pm
ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതമാണ് എവറസ്റ്റ്. സമുദ്രനിരപ്പിൽനിന്ന് എട്ടര കിലോമീറ്ററോളം ഉയരം. എന്നാൽ, ഈ മഹാപർവതത്തെ പോലും മുക്കിക്കളയാൻ തക്ക ആഴമുള്ള ഒരു ഗർത്തം സമുദ്രത്തിലുണ്ട്. അതാണ് മരിയാനാ ഗർത്തം (Mariana trench). ഭൂമിയിലെ
ഏറ്റവും ആഴമുള്ള പ്രദേശം. പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലെ മരിയാനാ ദ്വീപസാമൂഹത്തിന് 200 കിലോമീറ്റർ കിഴക്കുമാറിയാണ് ഈ മഹാഗർത്തമുള്ളത്. 2550 കിലോമീറ്റർ നീളവും 49 കിലോമീറ്റർ വീതിയുമുള്ള ഈ ആഴപ്രദേശത്തിന്റെ ഏറ്റവും താഴ്ചയുള്ള ഭാഗത്തിന് 11 കിലോമീറ്ററിലധികം ആഴമുണ്ടെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.
പല രാജ്യങ്ങളും ഈ ഗർത്തിന്റെ അടിത്തട്ടിലേക്ക് പര്യവേക്ഷണത്തിനായി ആളുകളെ അയച്ച് റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഇപ്പോൾ ചൈനയും എത്തിയിരിക്കുന്നു. ഫെണ്ടൂഷേ എന്ന പര്യവേക്ഷണ വാഹനമാണ് ആഴത്തിലെ ഈ അത്ഭുതത്തിലേക്ക് ഊളിയിട്ടിറങ്ങിയത്. നവംബർ പത്തിനാണ് ഫെണ്ടൂഷേ മൂന്ന് ഗവേഷകരുമായി ആഴക്കടലിൽ മുങ്ങി മരിയാനാ ട്രഞ്ചിന്റെ അടിത്തട്ടിൽ തൊട്ടത്. 10,909 മീറ്റർ ആഴത്തിലെത്തിയ വാഹനം കടലിന്റെ അടിത്തട്ടിലെ കല്ലും പാറയും മറ്റും ഗവേഷണത്തിനായി ശേഖരിച്ച് മടങ്ങി. കടലിന്റെ അടിത്തട്ടിനെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും ആഴക്കടലിലെ അപൂർവസമ്പത്തുകൾ ശേഖരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുള്ള ചൈനയുടെ നീക്കമാണിത്. എന്നാൽ മരിയാനാ ട്രഞ്ചിന്റെ ഏറ്റവും ആഴത്തിൽ എത്തുന്ന സംഘം എന്ന
നേട്ടം ഇവർക്ക് സ്വന്തമാക്കാനായില്ല.. ട്രഞ്ചിന്റെ ആഴത്തിൽ എത്തിച്ചേർന്നതിൽ റെക്കോഡിട്ടത് ഒരു അമേരിക്കൻ പര്യവേക്ഷകനാണ്. 2019 മേയ് മാസത്തിൽ 10927 മീറ്റർ ആഴത്തിൽ എത്തിയ വിക്ടർ വെസ്കോവോ ആ നേട്ടം സ്വന്തമാക്കി.