blog image

Midhu Susan Joy

Sep 28,2020

3:46pm

നീലരക്തമുള്ള 'ഫോസിൽ'

മുനയുള്ള നീണ്ട വാൽ. കാലുകളാണെങ്കിലോ പത്തെണ്ണം! കണ്ടാൽ ആരും ഒന്നും പേടിക്കും. ഈ ജീവിയുടെ പേര് അരശുഞണ്ട് (Horseshoe crab). എന്നാൽ കാഴ്ചയിലെ ഈ ഭീകരത ഒന്നും അരശുഞണ്ടിന്റെ പ്രവൃത്തികളിൽ ഇല്ല. സത്യത്തിൽ ഇവർ വെറും പാവത്താൻമാരാണ്.

ജീവിക്കുന്ന ഫോസിൽ എന്നു വിശേഷിപ്പിക്കാവുന്ന ജീവിയാണ് അരശുഞണ്ട്. 4500 ലക്ഷം വർഷമായി ഇവ ഭൂമിയിലുണ്ട്. അതായത് ദിനോസറിന്റെയും സീനിയർ ആണ് കക്ഷി. പേരിലെ ഞണ്ട് ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നു എന്നേയുള്ളു. ശരിക്കും തേൾ, ചിലന്തി എന്നിവരുടെ കൂട്ടത്തിൽ ആണ് സ്ഥാനം. നട്ടെല്ല് ഇല്ലാത്ത ജീവി വർഗം. കൃത്യമായി പറഞ്ഞാൽ ആർത്രോപോഡ വിഭാഗത്തിലെ മീറോസ്റ്റൊമേറ്റ എന്ന വർഗത്തിൽ ഉൾപ്പെടുന്ന സമുദ്രജീവിയാണിത്. വായ്ഭാഗത്തോട് ചേർന്നുള്ള കാലുകളാണ് മീറോസ്റ്റൊമേറ്റ വർഗത്തിന്റെ പ്രത്യേകത. ഏഷ്യയുടെ ചില മേഖലയിലും അമേരിക്കയിലുമാണ് ഈ ഞണ്ടുകളെ അധികമായി കാണപ്പെടുന്നത്.

തല, അടിവയറ്, വാല് എന്നിങ്ങനെ മൂന്നു ഭാഗം ഉൾപ്പെടുന്നതാണ് അരശു ഞണ്ടിന്റെ ശരീരം. തലഭാഗത്തിന് കുതിരലാടത്തിന്റെ ആകൃതിയാണ്. Horseshoe crab എന്നു പേരു വരാനുള്ള കാരണവും ഇതു തന്നെ. തലച്ചോറ്, ഹൃദയം, നാഡിവ്യൂഹം തുടങ്ങി ശരീരത്തിലെ സുപ്രധാന ഭാഗങ്ങളെല്ലാം തലഭാഗത്ത് സ്ഥിതി ചെയ്യുന്നു. കട്ടിയുള്ള പുറന്തോട് ഈ ജീവിയുടെ മറ്റൊരു പ്രത്യേകതയാണ്. ശരീരത്തിലെ പല ഭാഗത്തായി പത്തോളം കണ്ണുകളുമുണ്ട്. ഇവയിൽ ചിലതിന് അൾട്രാവയലറ്റ് രശ്മികളോടു വരെ പ്രതികരിക്കാൻ കഴിയും.
അരശുഞണ്ടിന്റെ കൂർത്ത വാല് കണ്ടാൽ വിഷം നിറഞ്ഞതാണെന്നേ തോന്നൂ. എന്നാൽ വിഷമില്ലെന്നു മാത്രമല്ല, അതു കൊണ്ട് കുത്തുന്ന പതിവും ഇവർക്കില്ല. അഞ്ചു ജോഡി കാലുകളുണ്ട്. പുഴുക്കൾ, പായൽ, കടൽജീവികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. മുൻവശത്തെ കാലു പോലുള്ള ഭാഗം ഉപയോഗിച്ച് ഭക്ഷണവസ്തുക്കൾ ചതച്ച് വായിലേക്കു വയ്ക്കും

മേയ്-ജൂൺ മാസമാണ് പ്രജനനകാലം. മണലിൽ കൊച്ചു കുഴികൾ കുഴിച്ച് ഇവ മുട്ടയിടുന്നു. സീസണിൽ ഒരു ലക്ഷത്തോളം മുട്ടകൾ വരെ പെൺ അരശുഞണ്ടുകൾ ഇടും. കടലാമയും മത്സ്യങ്ങളും ദേശാടന പക്ഷികളും ഇതിന്റെ മുട്ട ആഹാരമാക്കാറുണ്ട്. അതിനാൽ ഇതിൽ ചെറിയ ശതമാനമേ വിരിയാറുള്ളു. 20 മുതൽ 40 വർഷം വരെയാണ് ഇവരുടെ ശരാശരി ആയുസ്.

നീല നിറത്തിലുള്ള രക്തമാണ് ഈ ഞണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെമ്പ് അടങ്ങിയിട്ടുള്ള ഹീമോസയാനിന്റെ സാന്നിധ്യം മൂലമാണ് രക്തത്തിന് ഈ നിറം. ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഒരു തരം പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. Limulus amebocyte lysate (LAL) എന്നാണ്ഈ പ്രോട്ടീന്റെ പേര്. ശക്തമായ ആന്റിബാക്ടീരിയൽ വസ്തുവാണിത്. ലക്ഷക്കണക്കിന് വർഷങ്ങളായി ഈ ജീവിവർഗം നിലനിൽക്കാനുള്ള കാരണം LALന്റെ സാന്നിധ്യം ആണത്രെ. അരശുഞണ്ടിന്റെ രക്തത്തിന്റെ ഈ പ്രത്യേകത ശാസ്ത്രലോകം തിരിച്ചറിഞ്ഞ കാലം മുതൽ ഇവയുടെ കഷ്ടകാലം തുടങ്ങി. മരുന്നുകളിലും ഉപകരണങ്ങളിലും വാക്സിനുകളിലുമെല്ലാം ബാക്ടീരിയയുടെ സാന്നിധ്യം മനസിലാക്കാൻ ഈ ഞണ്ടിന്റെ രക്തമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിനായി ഞണ്ടുകളെ പിടിച്ച് ഇവയുടെ ഹൃദയത്തിനടുത്തുനിന്ന് രക്തം ശേഖരിക്കുന്നു. ശരീരത്തിലെ മൂന്നിലൊന്നു രക്തവും ഇങ്ങനെ ഊറ്റിയെടുക്കും. പിന്നീട് ഇവയെ കടലിലേക്കു വിടുന്നു. എന്നാൽ രക്തമെടുത്ത ഞണ്ടുകളിൽ ഭൂരിഭാഗവും ചത്തു പോകും.

ലക്ഷകണക്കിന് രൂപയാണ് ഈ രക്തത്തിന്റെ വില. അതിനാൽ തന്നെ പരിസ്ഥിതിവാദികളുടെ എതിർപ്പുകൾക്കൊന്നും ഈ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുവർ ചെവി കൊടുക്കാറില്ല. LAL നു സമാനമായ ചില പദാർഥങ്ങൾ കൃത്രിമമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകിയിട്ടില്ല. അത്തരം ശ്രമങ്ങൾ ഫലവത്തായാൽ മാത്രമേ അരശുഞണ്ടിന്റെ കഷ്ടകാലം മാറൂ. കോവിഡ് വാക്സിനായി ലോകത്തെങ്ങും ശ്രമങ്ങൾ തുടരുന്ന കാലമാണല്ലോ ഇത്. ഇത് പ്രതികൂലമായി ബാധിക്കുന്ന ജീവികളിൽ മുൻപന്തിയിൽ ആണ് അരശുഞണ്ടിന്റ സ്ഥാനം.

Popular Blogs

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42